
ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 വയസ്സായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി വിരമിക്കൽ പ്രായം ഉയർത്തുന്നതിനെ സംസ്ഥാനങ്ങൾക്ക് എതിർക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
അഖിലേന്ത്യാ ജഡ്ജിമാരുടെ അസോസിയേഷനുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ടത്. നിർദേശത്തോട് യോജിക്കാത്ത സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അനുനയിപ്പിക്കാൻ അവസാന ശ്രമം നടത്തണമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് കോടതി ആവശ്യപ്പെട്ടു. നിലപാട് പുനഃപരിശോധിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾക്ക് രണ്ടാഴ്ച അനുവദിച്ചു.
വിരമിക്കൽ പ്രായം ഉയർത്തുന്നതിനെ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അനുകൂലിക്കുന്നതായി അമിക്കസ് ക്യൂറി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ഭട്‌നാഗർ കോടതിയെ അറിയിച്ചു. 12 എണ്ണം എതിർപ്പ് തുടരുകയാണ്. ഗുജറാത്ത്, ജാർഖണ്ഡ്, ഡൽഹി, പുതുച്ചേരി എന്നിവ തീരുമാനമെടുക്കാൻ കൂടുതൽ സമയം തേടി. അരുണാചൽ പ്രദേശ്, ഗോവ, ഹരിയാന, ബിഹാർ, മണിപ്പുർ, മേഘാലയ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവ എതിർപ്പ് അറിയിച്ചവയിൽ ഉൾപ്പെടുന്നു.
അധിക സാമ്പത്തിക ബാധ്യത, മറ്റു സർക്കാർ ജീവനക്കാർക്കിടയിൽ ഉണ്ടാകാവുന്ന അതൃപ്തി, ജുഡീഷ്യൽ സർവീസിലെ യുവ ഉദ്യോഗസ്ഥരുടെ ന്യായമായ പ്രതീക്ഷകളെ ബാധിക്കുമെന്ന ആശങ്ക എന്നിവയാണ് എതിർപ്പിനുള്ള പ്രധാന കാരണങ്ങളായി സർക്കാരുകൾ ഉന്നയിച്ചത്.
എന്നാൽ, പരിചയസമ്പന്നരായ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ രണ്ടുവർഷംകൂടി സർവീസിൽ നിലനിർത്തുന്നത് നീതിന്യായ സംവിധാനത്തിന് ഗുണകരമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിരമിക്കൽ ആനുകൂല്യങ്ങളും പെൻഷനും നൽകുന്നത് നീട്ടിവയ്ക്കാനാകുന്നതിനാൽ സർക്കാരുകളുടെ അടിയന്തര സാമ്പത്തിക ബാധ്യത കുറയുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
വിരമിച്ച ഉദ്യോഗസ്ഥന് ജോലി ചെയ്യിക്കാതെ പെൻഷൻ നൽകുന്നതിനൊപ്പം പകരം നിയമിക്കുന്ന ഉദ്യോഗസ്ഥന്റെ ചെലവും വഹിക്കേണ്ടിവരുന്ന സാഹചര്യം ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയിൽ ഇതിനകം നിരവധി ഒഴിവുകളുള്ള സാഹചര്യത്തിൽ, യുവ ഉദ്യോഗസ്ഥരുടെ അവസരങ്ങളെ ബാധിക്കുമെന്ന വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
പുതിയ ഉദ്യോഗസ്ഥർ സർവീസിലേക്ക് വരേണ്ടതിന്റെ ആവശ്യകത അംഗീകരിച്ച ചീഫ് ജസ്റ്റിസ്, വിരമിക്കാനിരിക്കുന്ന പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ രണ്ടുവർഷത്തെ അധിക സേവനം സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താനാകുമെന്ന് വ്യക്തമാക്കി.
Photo Courtesy - Google










